Saturday, May 24, 2008

ആരവമൊടുങ്ങുന്നു aaravamodungunnu

(2003 മാര്‍ച്ച്‌ 9 തിയ്യതി മാതൃഭുമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥ)
കുട്ടന്‍ പിള്ളയുടെ ചിരിയും വാച്ചില്‍നോട്ടവും കണ്ട്‌ സഹികെട്ടപ്പോഴാണ്‌ അയാളെന്റെ ശത്രുവായത്‌. ഓഫീസ്‌ സമയം തുടങ്ങുന്നത്‌ പത്ത്‌ മണിക്കാണെന്ന്‌ എല്ലാവര്‍ക്കുമറിയുന്നതാണ്‌. താമസ സ്ഥലത്തുനിന്നും ഓഫീസിലേയ്‌ക്ക്‌ അരമണിക്കൂര്‍ യാത്രയുണ്ട്‌. പ്യൂണായ എനിയ്‌ക്ക്‌ പത്തുമണിക്കു മുന്‍പേ ഓഫീസിലെത്തണമെങ്കില്‍ ഒന്‍പതേകാലിനു മുന്‍പേ ബസ്സു പിടിക്കണം. സ്ഥിരമായിട്ട്‌ തിരക്കൊഴിഞ്ഞ പതിനൊന്നു മണിയുടെ ബസ്സില്‍ പോകാറുള്ള ഞാന്‍ ബസ്സ്‌ കാത്തുനില്‍ക്കുന്ന നേരത്ത്‌ വായനശാലയില്‍ കയറി പത്രമോടിച്ചു നോക്കും. വായനശാലയിലെ വരാന്തയുടെ തിണ്ണയിലോ അകത്തെ ബഞ്ചിലോ ഇരിയ്‌ക്കുന്ന കുട്ടന്‍പിള്ള പത്രം അരിച്ച്‌ പെറുക്കി വായിക്കുന്നത്‌ കാണാം. കാലുകള്‍ക്കിടയില്‍ ഒരു കാലന്‍കുട ഇറുക്കിപ്പിടിച്ചിട്ടുണ്ടാകും. ഓഫീസിലേയ്‌ക്ക്‌ പുറപ്പെടുന്ന എന്നെ കാണുന്നതേ കുട്ടന്‍പിള്ള കൈയില്‍ കെട്ടിയ സൈക്കോ ഫൈവ്‌ വാച്ചിലേക്കൊന്ന്‌ നോക്കും. എന്നിട്ട്‌ എന്റെ നേരെ നോക്കിയൊരു ചിരിയാണ്‌ . അപ്പോള്‍ തന്നെ കട്ടി കണ്ണടകള്‍ക്കിടയിലൂടെ വായനയിലേയ്‌ക്ക്‌ കൂപ്പ്‌ു കുത്തുകയും ചെയ്യും.
മൂഷിക രാജാവും പരിവാരങ്ങളും തട്ടിന്‍പുറത്ത്‌ വാഴുന്നതുപോലെ മേലാളന്മാരായ എഞ്ചിനിയര്‍, ഓവര്‍സിയര്‍, ഇത്യാദി സങ്കേതിക വിദഗ്‌ധരും പാവം കുറച്ച്‌ ക്ലര്‍ക്കുമാരും അവര്‍ക്കിടയില്‍ ചപ്പരാസിപ്പണിയെടുക്കുന്ന പ്യൂണായ എന്നെപ്പോലെയുള്ള രണ്ടുമൂന്നാളുകളും അനുഗ്രഹ കോംപ്ലക്‌സിന്റെ മൂന്നാം നിലയില്‍ സുഖമായിട്ടങ്ങനെ കഴിയുന്നതിനിടയില്‍ കുട്ടന്‍പിള്ളയുടെ മറ്റേലെ ചിരി മാത്രമാണ്‌ എന്നെ അസ്വസ്ഥനാക്കുന്നത്‌.
ഇത്ര നാളായിട്ടും ഒരു മാര്‍ജാരനും മണം പിടിച്ച്‌ വിജിലന്‍സുകാരുടെ വേഷത്തില്‍ സ്റ്റെപ്പു കയറിയെത്തിയിട്ടില്ല. സംഘടനാ പ്രവര്‍ത്തനത്തിനും നോട്ടീസ്‌ വിതരണത്തിനും പിരിവിനുമൊക്കെയായി എന്‍.ജി.ഒ. യൂണിയന്‍കാരും അസോസിയേഷന്‍കാരും സംഘക്കാരുമൊക്കെയാണ്‌ ഞങ്ങളെ പിണക്കാനും അലോസരപ്പെടുത്താനുമായിട്ട്‌ വല്ലപ്പോഴും കയറിവരുന്നത്‌. ഒരിക്കല്‍ ചീട്ടുകളി തടസ്സപ്പെടുത്തിയ യൂണിയന്‍ നേതാക്കള്‍ പത്രത്തില്‍ വാര്‍ത്ത കൊടുത്തു. അന്വേഷണവും നടപടിയുമൊക്കെയുണ്ടാകുമെന്നായപ്പോള്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റില്‍ കയറിയ ഒരു ക്ലാര്‍ക്കും ഒരു ഓവര്‍സിയറും ഓഫീസിലുണ്ടായിരുന്നതുകൊണ്ട്‌ ജാതിവിളിച്ചാക്ഷേപിച്ചെന്നും പറഞ്ഞൊരു കേസു കൊടുത്തു. സംഗതി കുഴഞ്ഞു മറിയുമെന്നായപ്പോള്‍ നേതാക്കള്‍ ഒത്തു തീര്‍പ്പിനായെത്തി. ഓഫീസില്‌ കള്ള്‌ കുടിച്ചാലെന്താ ചീട്ടു കളിച്ചാലെന്താ? സംഘടനയുടെ പ്രവര്‍ത്തനം ജീവനക്കാരെ ദ്രോഹിക്കാനാവരുത്‌. യൂണിയന്‍ ബ്രാഞ്ച്‌ കമ്മറ്റിക്കും അവരുടെ നടപടിക്ക്‌ ഒത്താശ ചെയ്‌തു കൊടുത്ത ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിയറ്റ്‌ വക കിഴുക്ക്‌ കിട്ടുകയും ചെയ്‌തു. ഒന്നു രണ്ടു ദിവസം പത്രത്താളുകളില്‍ കയറിക്കൂടിയ ഈ വാര്‍ത്ത കണ്ടപ്പോഴാണ്‌ അനുഗ്രഹ കോംപ്ലക്‌സിന്റെ മുകളില്‍ ഒരു ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന വിവരം നാട്ടുകാരറിഞ്ഞത്‌. തിരക്കുള്ള ക്ഷേത്രറോഡിലൂടെ നടന്നു പോകുന്നവരും ബസ്സില്‍ പോകുന്നവരും അനുഗ്രഹ കോംപ്ലക്‌സിന്റെ മുകളിലേയ്‌ക്ക്‌ തലയുയര്‍ത്തി നോക്കിത്തുടങ്ങി. അപ്പോള്‍ തുരുമ്പിച്ചതും അക്ഷരങ്ങള്‍ തെളിയാത്തതുമായ ഒരു മഞ്ഞ ബോര്‍ഡ്‌ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസിനു മേല്‍വിലാസം നല്‍കി തൂങ്ങി നില്‍ക്കുന്നത്‌ കണ്ടു. അവര്‍ക്കാര്‍ക്കും അതിന്‌ മുകളില്‍ കയറിച്ചെല്ലേണ്ട ആവശ്യമുണ്ടായിട്ടില്ല. സാറിന്ന്‌ ലീവാണെന്നുള്ള പറച്ചില്‍ കേട്ട്‌ മടുത്ത വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ്‌ അറ്റസ്റ്റ്‌ ചെയ്യാന്‍ അങ്ങോട്ട്‌ ചെല്ലാതെയുമായി. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ മൂഷിക സാമ്രാജ്യം പോലെ പത്തു മുപ്പത്‌ ജീവനക്കാരുണ്ടെന്നും അതില്‍ നാലുപേര്‍ ഗസറ്റഡ്‌ റാങ്കിലുള്ളവരാണെന്നും ഇവര്‍ക്കെല്ലാം കൂടി മാസത്തില്‍ ഒന്നര ലക്ഷത്തോളം രൂപ ശമ്പള ബില്ലാകുമെന്നും ഏറ്റു പറയുന്ന ഞാനും അതുപറ്റി സുഖിയനായി ചോറുണ്ണുന്നവനാണ്‌. ഞങ്ങള്‍ പൊതുമരാമത്ത്‌ ഇനം ജീവികളായതുകൊണ്ട്‌ ഒന്നാം തിയ്യതി തന്നെ ചെക്കുമായി സ്റ്റേറ്റ്‌ ബാങ്കിലേയ്‌ക്ക്‌ ചെന്നാല്‍ മതി. പതിനൊന്നരയോടെ ആദ്യ ടോക്കണ്‍ വിളിക്കുന്നത്‌ പി.ഡബ്ല്യൂ.ഡിയ റോഡ്‌സ്‌കാരെയോ അല്ലെങ്കില്‍ മൈനര്‍ ഇറിഗേഷന്‍കാരെയോ ആയിരിക്കും. ഒന്നര ലക്ഷത്തോളം ഉറുപ്പിക ബാഗിലിട്ട്‌ ഓട്ടോ പിടിച്ച്‌ അനുഗ്രഹ കോംപ്ലക്‌സിന്‌ മുമ്പിലിറങ്ങി സ്‌റ്റെപ്പ്‌ കയറിച്ചെല്ലുമ്പോള്‍ ഓഫീസില്‍ കാക്കക്കൂട്ടം മാതിരി ബഹളമായിരിക്കും. മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം കുടുംബത്തിലെ കാരണവരുടെ ഷഷ്‌ഠിപൂര്‍ത്തി ആഘോഷത്തിനൊത്തുകൂടിയതുപോലെയാണ്‌. ഹാജര്‍ ബുക്കില്‍ പേരുള്ള എല്ലാവരും എത്തിയിട്ടുണ്ടാകും. പ്രസവാവധിയുള്ളവരുടെ ഭര്‍ത്താക്കന്മാരോ ബന്ധുക്കളോ അധികാരപ്പെടുത്തിയ അപേക്ഷയുമായി റവന്യൂ സ്റ്റാമ്പും കൈയില്‍ പിടിച്ച്‌ സഹികെട്ട്‌ നില്‍ക്കുന്നുണ്ടാവും. സംസ്ഥാനത്തെ എല്ലാ ദിക്കില്‍ നിന്നുള്ളവരുമുണ്ടെങ്കിലും കൂട്ടത്തില്‍ മെജോറിറ്റി തെക്കന്‍ ജില്ലക്കാര്‍ക്കാണ്‌. ഓഫീസിലെ മൊത്ത ശമ്പളം എണ്ണി തിട്ടപ്പെടുത്തി അക്വിറ്റന്‍സ്‌ രജിസ്റ്ററുമായി ഒത്തു നോക്കുന്ന സൂപ്രണ്ടിന്റെ മേശയ്‌ക്കു മുമ്പിലൊരു ക്യൂ പതുക്കെ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ടാവും. എല്ലാവര്‍ക്കും ധൃതിയാണ്‌. നാലുമണിക്കു മുന്‍പേ കോഴിക്കോട്ടേക്കുള്ള ബസ്സ്‌ പിടിച്ചാലേ ഏഴേപത്തിനുള്ള കണ്ണൂര്‍ - തിരുവനന്തപുരം ട്രെയ്‌നില്‍ കയറിപ്പറ്റാനൊക്കുകയുള്ളൂ. ചില സാറന്മാര്‌ ബര്‍ത്തും കാലേക്കൂട്ടി റിസര്‍വ്വ്‌ ചെയ്‌തിട്ടുണ്ടാകും. ശമ്പളം കൈയില്‍ കിട്ടിയാല്‍ അടുത്തമാസം ഒന്നാം തിയ്യതിവരെയുള്ള ലീവപേക്ഷകള്‍ മൂന്നും നാലുമായി എഴുതി എന്റെ കൈയില്‍ ഏല്‍പ്പിക്കുന്നതിനൊപ്പം ഒരു നോട്ടും അവരെന്റെ പോക്കറ്റില്‍ തിരുകും. ഏഴേഴു ദിവസം കൂടുമ്പോള്‍ ലീവപേക്ഷ മാറ്റിവെക്കാനും ഹാജര്‍ ബുക്കില്‍ കഴിഞ്ഞുപോയ ദിവസങ്ങളിലെ കോളങ്ങളില്‍ അവരുടെ ഒപ്പനുകരിച്ച്‌ മാറിമാറിയിടാനും ഞാനെന്തിനാണ്‌ മടിക്കുന്നത്‌. എല്ലാവരും കൂടി അന്‍പതും നൂറുമായി ആയിരത്തിലധികം രൂപ സന്തോഷത്തോടെയാണല്ലോ തരുന്നത്‌. ആരോടും കെഞ്ചാതെ പോക്കറ്റില്‍ വന്നുവീഴുന്ന പണം നഷ്‌ടപ്പെടുത്തുന്നതെന്തിനാണ്‌. ഇങ്ങനെയൊക്കെയാണെങ്കിലും ജൂനിയര്‍ സൂപ്രണ്ട്‌ വിദ്യാധരന്‍ സാറെ പ്രസാദിപ്പിക്കുന്നതിന്‌ ജീവനക്കാരുടെ കൂട്ടുത്തരവാദിത്വമുണ്ടായിരുന്നു. പതിനഞ്ചിലധികം ഫുള്‍ ബോട്ടിലുണ്ടായാലേ ഒരു മാസം വിദ്യാധരന്റെ ടാങ്ക്‌ നിറയുകയുള്ളൂ. അഞ്ചാറു ഫുള്ളിനുള്ള ഷെയറെടുത്ത്‌ സ്‌നേഹത്തോടെ കവറിലിട്ട്‌ കൊടുക്കുമ്പോള്‍ ഭവ്യതയോടെ ചിരിച്ചുകൊണ്ട്‌ രണ്ട്‌ കൈയും നീട്ടി വാങ്ങിച്ച്‌ ദക്ഷിണ ലഭിച്ച നിര്‍വൃതിയോടെ രണ്ട്‌ കണ്ണിലും തൊടുവിച്ച്‌ സൂപ്രണ്ട്‌ പാന്‍സിന്റെ പുറം പോക്കറ്റില്‍ തിരുകും.
ചടങ്ങുകളെല്ലാം കഴിഞ്ഞാല്‍ ഓരോരുത്തരായി പടിയിറങ്ങുകയായി. പിന്നെ അത്യാവശ്യം വര്‍ക്ക്‌ ചെയ്യാനുള്ള പേബില്ലെഴുതുന്ന തോമസുകുട്ടിയും അക്കൗണ്ടന്റ്‌ ജനറല്‍ ഓഫീസിലേയ്‌ക്ക്‌ മാസക്കണക്ക്‌ അയയ്‌ക്കേണ്ട സുലൈമാനും അത്‌ ചെയ്‌ത്‌ തീരുന്നതുവരെ ഓഫീസിലുണ്ടാകും.
"സൂപ്രണ്ടിന്‌ വീട്ടിലൊന്നും പോകണ്ടേ?" ഒരു ദിവസം സുലൈമാന്‍ അടുപ്പം കൊണ്ട്‌ ചോദിച്ചുപോയതാണ്‌.
"ഞാന്‍ പോയില്ലെങ്കില്‍ തനിക്കെന്നാടാ കൂവ്വേ കടച്ചില്‌?"
പന്തിയല്ലെന്ന്‌ കണ്ടപ്പോള്‍ സുലൈമാന്‍ പതുക്കെ പിന്‍വലിഞ്ഞു. പുതിയ നിയമനം കിട്ടിവന്ന എല്‍.ഡി.ക്ലാര്‍ക്ക്‌ വര്‍ക്കലക്കാരന്‍ ഷാജിത്‌ ജോലിയില്‍ ചേരാനെത്തിയ ദിവസം സൂപ്രണ്ട്‌ തെക്കുദിക്കുകാരനാണെന്നറിഞ്ഞപ്പോള്‍ താല്‍പ്പര്യത്തോടെ അന്വേഷിച്ചതാണ്‌.
"സാറ്‌ തെക്കെവിടാ?"
"തിരുവനന്തപുരത്ത്‌ " സൗമ്യമായിട്ടാണ്‌ മറുപടി.
"തിരുവനന്തപുരത്തെവിടാ സാറേ? "
"കാവടിയാര്‍ കൊട്ടാരത്തില്‌. എന്റെ ഊരും പേരുമറിഞ്ഞിട്ട്‌ തനിക്കെന്തിനാ കൂവ്വേ?"
"അറിയാന്‍ ചോദിച്ചതാ സാറേ?"
"എന്തോന്നറിയാന്‍ കാശുണ്ടെങ്കി നൂറിങ്ങെടുക്ക്‌ ?" മടിച്ചുനിന്ന ഷാജിത്തിന്റെ പോക്കറ്റില്‍ നിന്ന്‌ പേഴ്‌സെടുത്ത്‌ നൂറുരൂപയും വലിച്ചെടുത്ത്‌ സൂപ്രണ്ട്‌ സ്റ്റെപ്പുകളിറങ്ങി. ചുങ്കത്തെ ദ്വാരക ബാറിലേക്കാണ്‌. ഇനി വൈകുന്നേരം നോക്കിയാല്‍ മതി.
ഒരാഴ്‌ചക്കുള്ളില്‍ ഓഫീസിലെ ചിട്ടവട്ടങ്ങളുമായി ഷാജിത്ത്‌ പൊരുത്തപ്പെട്ടു. പ്രൊബേഷന്‍ പൂര്‍ത്തിയാവുന്നതിന്‌ മുമ്പ്‌ മുങ്ങാന്‍ ഒരുള്‍ഭയം. അതുകൊണ്ട്‌ വാടകറൂമൊന്നും നോക്കാതെ രാത്രിയിലെ പൊറുതി സ്റ്റോര്‍റൂമിലാക്കി.ഓഫീസില്‍ തന്നെ കിടത്തമുള്ള സൂപ്രണ്ട്‌ ലഹരിയുടെ കെട്ടിറങ്ങി രാത്രിയില്‍ വല്ല നേരത്തുമാണ്‌ വന്നു കയറുക. നേരം തെറ്റിവരുന്ന കെട്ട്യോനെ കാത്തിരിക്കുന്ന ഭാര്യയെപ്പോലെ സൂപ്രണ്ട്‌ വരുന്നതും കാത്ത്‌ ഷാജിത്ത്‌ ഉറക്കത്തിലേക്ക്‌ വഴുതിയും ഞെട്ടിയുണര്‍ന്നുമിരിക്കും. ചില രാത്രിയില്‍ കാലുറക്കാതെ വഴിയോരത്തോ സ്റ്റെപ്പിലോ വീണുപോയ സൂപ്രണ്ട്‌ നനഞ്ഞ കോഴിയെപ്പോലെ പുലര്‍ച്ചെയാണ്‌ കയറിവരുക.
രാത്രിയില്‍ ഉറക്കം കിട്ടാത്ത ഷാജിത്ത്‌ ഓഫീസ്‌ സമയത്ത്‌ സ്റ്റോര്‍ റൂമില്‍ ചുരുണ്ടു കിടന്നുറങ്ങുന്നതൊരു ശീലമാക്കി. ശമ്പള ദിവസത്തിന്റെ ആരവങ്ങളടങ്ങിയാല്‍ പിന്നെയും പഴയതുപോലെതന്നെ. ശൂന്യമായ മരക്കസേരകള്‍, ഉച്ചയുറക്കം, വല്ലപ്പോഴും കയറിവരുന്നവര്‍ ഒത്തുചേര്‍ന്നുള്ള ചീട്ടുകളി, വനിതാ ജീവനക്കാരുടെ പായ്യാരം പറച്ചില്‍.... ഇത്യാദി സുഖവിനോദങ്ങള്‍, ഇടയ്‌ക്കൊരു സ്‌മാള്‍, എന്തൊരു സുഖജീവിതം. ഇടയ്‌ക്ക്‌ അപൂര്‍വ്വമായി മാത്രം വല്ല പേപ്പറും ഡ്രാഫ്‌റ്റ്‌ ചെയ്യാനുണ്ടാകുമ്പോള്‍ ഉയരുന്ന ടൈപ്പ്‌റൈറ്റിന്റെ ശബ്‌ദം ഓഫീസിന്റെ തനതവസ്ഥയെ അസ്വസ്ഥപ്പെടുത്തി.. ഉച്ചയൂണിനൊപ്പം രണ്ട്‌ പെഗ്‌ അകത്താക്കി ഡസ്‌കിന്‌ പുറത്ത്‌ ചുരുണ്ടുമയങ്ങുന്ന സൂപ്രണ്ട്‌ വിദ്യാധരന്‍ ഞെട്ടിയുണര്‍ന്ന്‌ ടൈപ്പിസ്റ്റ്‌ കമലയെ തല്ലാന്‍ ചെന്നത്‌ വലിയ ഒച്ചപ്പാടുണ്ടാക്കി. ടൈപ്പ്‌ ചെയ്യാതെ മരവിച്ചുപോയ കൈവിരലുകള്‍ക്കൊരു രക്തയോട്ടമുണ്ടാകട്ടെ എന്നു കരുതി കമല ലീവപേക്ഷ ടൈപ്പ്‌ ചെയ്‌തതായിരുന്നു.അസോസിയേഷനില്‌ അഞ്ചുറുപ്പിക മെമ്പര്‍ഷിപ്പും കൃത്യമായി പിരിവ്‌ കൊടുക്കുകയും ചെയ്‌തിരുന്ന കമലയുടെ പരാതി സംഘടനക്കാര്‍ ഏറ്റെടുക്കുമെന്നു വന്നപ്പോള്‍ കാര്യ ഗൗരവത്തോടെ എനിക്ക്‌ മധ്യസ്ഥന്റെ റോള്‍ ഏറ്റെടുക്കേണ്ടി വന്നു. കമലയുടെ പേരില്‌ അസോസിയേഷന്‍കാരും യൂണിയന്‍കാരുമൊക്കെ ഓഫീസ്‌ കയറി നിരങ്ങാന്‍ തുടങ്ങിയാല്‍ ഓഫീസിലെ സ്വസ്ഥത ഇല്ലാതാവും. അതുകൊണ്ട്‌ രണ്ട്‌ ഭാഗത്തുനിന്നും വിട്ടുവീഴ്‌ചയുണ്ടാവണം. പ്രശ്‌നം പറഞ്ഞു തീര്‍ക്കണം. പിറ്റേന്ന്‌ സംഘടനയുടെയാളുകള്‍ ഒറ്റയ്‌ക്കും കൂട്ടായും കമലയുടെയടുത്തു വന്നപ്പോള്‍ അവള്‍ക്കൊരു പരാതിയുമില്ലായിരുന്നു. സൂപ്രണ്ടിനിപ്പോള്‍ ടൈപ്പ്‌റൈറ്ററിന്റെ ശബ്‌ദം കേട്ടാലേ ഓഫീസിലിരിക്കാന്‍ കഴിയുകയുള്ളുവെന്നും ടൈപ്പ്‌ ചെയ്യുന്ന ശബ്‌ദം ഒരേ താളത്തില്‍ കേട്ടാലേ എത്ര വീശിയാലും ഒന്നു മയങ്ങാന്‍ കഴിയൂ എന്നുമുള്ള മാനസികാവസ്ഥയായിരിക്കുകയുമാണ്‌. അതുകൊണ്ട്‌ കമലയുടെ കൈവിരലുകളുടെ മരവിപ്പ്‌ മാറി. ഞരമ്പുകളില്‍ രക്തയോട്ടമുണ്ടായി. ടൈപ്പ്‌ റൈറ്ററിലെ അക്ഷരങ്ങളിലോരോന്നിലും തൊട്ടു തലോടി ഓരോരോ വാക്കുകള്‍ക്കായി കമല പതുക്കെ കൊട്ടികൊണ്ടിരുന്നു. ഇടയ്‌ക്കെല്ലാം ടൈപ്പ്‌ റൈറ്ററിന്റെ ശബ്‌ദമുയരുന്നതുകൊണ്ട്‌ കയറിവരുന്നവര്‍ക്കൊക്കെ ഓഫീസ്‌ ഉണര്‍ന്നിരിക്കുന്നതായി തോന്നി.
ഒരു പണിയുമെടുക്കാതെ മാസ ശമ്പളവും വാങ്ങി ഞങ്ങള്‍ തിന്നു കുടിച്ചു കഴിയുകയാണ്‌. ഞങ്ങളെക്കൊണ്ട്‌ നാടിനോ നാട്ടുകാര്‍ക്കോ ഒരുപകാരവുമില്ല എന്നത്‌ പുറത്ത്‌ പറയാന്‍ പാടില്ലാത്ത ഒരു യാഥാര്‍ത്ഥ്യമാണ്‌. ശമ്പള ബില്ലെഴുതുക, പി.എഫ്‌. ഇന്‍ഷൂറന്‍സ്‌ റിക്കവറികള്‍ രേഖപ്പെടുത്തുക, സര്‍വ്വീസ്‌ ബുക്കിലെ കുറിപ്പുകള്‍ കൃത്യമായി രേഖപ്പെടുത്തുക, മാസകണക്ക്‌ ശരിയാക്കി അക്കൗണ്ടന്റ്‌ ജനറലിനയക്കുക ഇതിലപ്പുറം ഒരു പണിയുമില്ല.
ഓഫീസിലിരുന്ന്‌ ചൊറിയും കുത്തി നശിക്കാതെ പുറത്ത്‌ ഓരോ ഏര്‍പ്പാടുകള്‍ ഓരോരുത്തരും തട്ടിക്കൂട്ടിയിട്ടുണ്ട്‌.കൃഷിയുള്ളവര്‍ അത്‌ നന്നായി നോക്കി നടത്തി ഓഫീസുപണി സൈഡു പരിപാടിയാക്കി.. ശമ്പള സര്‍ട്ടിഫിക്കറ്റ്‌ പണയപ്പെടുത്തി ജില്ലാ സഹകരണ ബാങ്കില്‍ നിന്നും അന്‍പതിനായിരം ഉറുപ്പിക ലോണെടുത്ത്‌ ഷിമോഗയില്‍ ഇഞ്ചി കൃഷി ചെയ്യുന്ന ഡ്രാഫ്‌റ്റ്‌സ്‌മാന്‍ വിജയന്‍ അവിടത്തെ എരിപൊരി വെയിലില്‍ കഷ്‌ടപ്പെടുകയാണ്‌. ധനജയന്‍ സീരിയലും കഥയെഴുത്തുമായി ഉലകം ചുറ്റുന്നതിനിടയില്‍ ഇടയ്‌ക്ക്‌ ഇതിലെ വരുമ്പോള്‍ ഓഫീസില്‍ കയറിയിട്ടുപോകും. ആലപ്പുഴക്കാരന്‍ ബേബിക്കുട്ടന്‍ വഞ്ചിക്കാരുടെ കൂടെ മീന്‍ പിടിക്കാന്‍ കടലില്‍ പോയി വരുമാനമുണ്ടാക്കുന്നു. ഇടയ്‌ക്ക്‌ എനിയ്‌ക്ക്‌ ഫോണ്‍ ചെയ്‌ത്‌ ഓഫീസിലെ വിവരങ്ങള്‍ അന്വഷിക്കാറുണ്ട്‌. യൂ.ഡി.ക്ലാര്‍ക്ക്‌ ജോണ്‍സന്‍ 'ഇന്‍ഫാം' എന്ന സംഘടനയുടെ മുന്‍നിര പ്രവര്‍ത്തകനാണ്‌. സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക്‌ ശമ്പളം കൊടുത്താണ്‌ നാടിന്‌ പക്ഷാഘാതം പിടിപെട്ടതെന്ന കര്‍ഷക സംഘടനയുടെ അഭിപ്രായത്തില്‍ ജോണ്‍സന്‍ പതിരു കണ്ടില്ല. യേശുവചനം പോലെ സത്യമായ ഇക്കാര്യം നേര്‍ക്കറിയുന്ന താന്‍ അംഗീകരിച്ചില്ലെങ്കില്‍ പാപമല്ലേ എന്നാണ്‌ ജോണ്‍സന്റെ പക്ഷം. ഇതൊക്കെ പറയുമെങ്കിലും ഓഫീസില്‍ നിന്നും മുങ്ങി വല്ലപ്പോഴും സ്റ്റെപ്പു കയറി പൊങ്ങിവരുന്ന ജോണ്‍സന്‍ ലീവപേക്ഷ വലിച്ചുകീറി റജിസ്റ്ററില്‍ തുടര്‍ച്ചയായി ഒപ്പുക്കാന്‍ ഒരു മടിയും കാണിച്ചില്ല. ഇന്‍ഫാമും കെ.സി.വൈ.എം.ഉം നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാരെ എതിര്‍ക്കുന്ന പ്രകടനത്തെ പിന്‍പറ്റി നടക്കാനും അയാളുണ്ടാകും. ഇങ്ങനെ എല്ലാവര്‍ക്കും ഓരോ പരിപാടികളുണ്ടെങ്കിലും സൂപ്രണ്ടിനും ടൈപ്പിസ്റ്റ്‌ കമലക്കും എനിക്കും ഈയൊരു സേവനം തന്നെ ശരണം. ഞങ്ങളുടെ ചൂടും നിശ്വാസവും പൊടിപിടിച്ച ഫയലുകളെ ചുറ്റിപറ്റി നിന്നു. കമല പതുക്കെ ടൈപ്പ്‌റൈറ്ററില്‍ വിരലോടിക്കുന്നതിന്റെ താളക്രമം അവളുടെ ശ്വാസഗതിപോലെ മുടങ്ങാതെയുണ്ട്‌. ഒഴിവാക്കാനാവാത്ത ഒരു വീട്ടുകാര്യത്തിന്‌ ഒരു ദിവസം കമല ലീവായാല്‍ ഓഫീസിനുള്ളില്‍ ഒരപശകുനത്തിന്റെ പ്രതീതിയാണ്‌. അന്ന്‌ ദ്വാരക ബാറിലേക്ക്‌ പോകുന്ന വിദ്യാധരന്‍ സാറ്‌ നേരമിരുട്ടിയാലേ കയറിവരികയുള്ളൂ. ടൈപ്പ്‌ റൈറ്ററിനരികെ ഡസ്‌കടിപ്പിച്ചിട്ട്‌ കയറി കിടക്കും. ഒരു കൈകൊണ്ട്‌ ടൈപ്പിങ്‌ മെഷീന്‍ ചുറ്റിപിടിച്ചിട്ടുണ്ടാകും. സുഖമുള്ള ഈ കിടത്തത്തെക്കുറിച്ച്‌ എന്നോട്‌ പറഞ്ഞത്‌ ഷാജിത്താണ്‌. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിനെ ഭയക്കാതെ ഷാജിത്തും മുങ്ങാന്‍ തുടങ്ങിയിരിക്കുന്നു. വീട്ടിലേക്കു വണ്ടി കയറി പന്ത്രണ്ടു ദിവസമായിട്ടും ഷാജിത്തിനെക്കുറിച്ച്‌ ഒരുവിവരവുമില്ല. പൊതുവേ ഒരു പറച്ചിലുണ്ട്‌. തെക്കന്‍കാരനല്ലേ വലിയ പിടിപാടുകാണും.
സമരകാലത്ത്‌ ശമ്പളദിവസംപോലെ ഓഫീസ്‌ സജീവമായിരിക്കുമെന്ന കാര്യം പറയാതിരിക്കാനാവില്ല. സംഘടനകള്‍ ഒറ്റയ്‌ക്കോ സംയുക്തമായോ നടത്തുന്ന പണിമുടക്കമായാലും അന്ന്‌ ഞങ്ങളുടെ ഓഫീസിന്‌ ജീവനുണ്ടാകും. ശമ്പളത്തില്‍ കുറയുന്ന ഒരേര്‍പ്പാടിനും ഞങ്ങളെ കിട്ടില്ല. അനിശ്ചിതകാല സമരമാണെങ്കില്‍ സംഘടനക്കാരെല്ലാം കൂടി ഒത്തുചേര്‍ന്ന്‌ കയറിവരുന്നതിനെ പ്രതിരോധിക്കാന്‍ ഞങ്ങളുടെ കൂട്ടത്തില്‍ തടിമിടുക്കുള്ള നാലഞ്ചുപേര്‌ തയ്യാറായിട്ടുതന്നെ നില്‌ക്കും. കായബലമുള്ള ബേബിക്കുട്ടനായിരിക്കും നേതാവ്‌. അതുകൊണ്ട്‌ രക്ഷയാണ്‌. സമരകാലത്ത്‌ മുദ്രാവാക്യം വിളിയുമായി ആരുമിങ്ങോട്ട്‌ അടുക്കാറില്ല. കരിങ്കാലി പണംപറ്റുന്നവരാണെന്നുള്ള ആക്ഷേപം ഞങ്ങളാരും കാര്യമാക്കാറില്ല.
ഇപ്പോള്‍ മൈനര്‍ ഇറിഗേഷന്‌ കഷ്‌ടകാലമാണെങ്കിലും മേശപ്പുറത്തു പൊടിപിടിച്ചു കൂമ്പാരം കൂടിയ ഫയലുകള്‍ക്ക്‌ സമൃദ്ധിയുടെ ഒരുപാട്‌ കഥകള്‍ പറയാനുണ്ട്‌. നാലഞ്ച്‌ ലിഫ്‌ട്‌ ഇറിഗേഷന്‍ സ്‌കീമുകളുടെ മെയിന്റനന്‍സ്‌ വര്‍ക്കിന്റെ ഇരുപതിനായിരത്തില്‍ താഴെ ഉറുപ്പികയുടെ ബില്ലുമാറാന്‍ മാത്രമായി കയറിവരുന്ന കോണ്‍ട്രാക്‌ടര്‍ അവിരായും കുഞ്ഞവറാനുമൊക്കെ കൂമ്പാരം കൂടികിടക്കുന്ന ഫയലുനോക്കി നെടുവീര്‍പ്പിടുന്നതു കാണാം. എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയായിട്ട്‌ സൂപ്രണ്ടിന്റെ തലയ്‌ക്കുമീതെ ചുമരില്‍ സൂചിയനങ്ങാത്തൊരു ക്ലോക്കുണ്ട്‌. പണ്ടൊരിക്കല്‍ ബില്ലുമാറിയ സന്തോഷത്തില്‍ കോണ്‍ട്രാക്‌ടര്‍ അവിര ഓഫീസിലേയ്‌ക്കു വാങ്ങിച്ചുകൊടുത്തതാണ്‌. ക്ലോക്കിന്റെ ബാറ്ററി മാറ്റിയിട്ടാലത്‌ ചലിച്ചുകൊള്ളും. ജീവനക്കാരെപ്പോലെതന്നെ വല്ലപ്പോഴും കയറിവരുന്ന അവിരായും അതവഗണിക്കുകയായിരുന്നു.
അഞ്ചെട്ടുകൊല്ലം മുമ്പത്തെ കഥയാണ്‌. ട്രഷറി രാത്രി പന്ത്രണ്ട്‌, രണ്ട്‌ മണിവരെയൊക്കെ പ്രവര്‍ത്തിക്കുന്ന മാര്‍ച്ച്‌ മുപ്പത്തിയൊന്നിന്‌ മൈനര്‍ ഇറിഗേഷന്‍ ഡിവിഷനിലും ഉത്സവമായിരുന്നു. കുപ്പിയും ബിരിയാണിയും കോണ്‍ട്രാക്‌ട്‌ വര്‍ക്കുമായി ബന്ധപ്പെട്ടൊരു സീറ്റില്‌ അയ്യായിരം രൂപയെങ്കിലും തടയും. ഇപ്പോഴത്തെ മാര്‍ച്ചവസാനം മൈനര്‍ ഇറിഗേഷന്‍ മരിച്ച വീടുപോലെയാണ്‌. അതേസമയം കാരാപ്പുഴ, ബാണാസുരസാഗര്‍ ഇറിഗേഷന്‍ പ്രോജക്‌ട്‌ ഓഫീസുകളിലെ കൊട്ടിയാഘോഷത്തെക്കുറിച്ചറിഞ്ഞ്‌ സഹിക്കവയ്യാതെയാണ്‌ സൂപ്രണ്ട്‌ വിദ്യാധരന്‍ ബ്രാണ്ടിയില്‍ ഫ്യൂരിഡാന്‍ കലക്കി ജീവനൊടുക്കാന്‍ നിശ്ചയിച്ചത്‌. ഷാജിത്ത്‌ ഓഫീസിലുള്ള ദിവസമായതുകൊണ്ട്‌ ചത്തില്ല. പിറ്റേന്ന്‌ രാവിലെ ഫോണിലൂടെ വിവരമറിഞ്ഞപ്പോള്‍ ഏപ്രില്‍ ഫൂളാക്കുകയാണെന്നാണ്‌ ഞാനാദ്യം കരുതിയത്‌. വയറു കഴുകി ഒരാഴ്‌ച താലൂക്കാശുപത്രിയില്‍ കിടന്ന സൂപ്രണ്ടിന്‌ ഞാനും ഷാജിത്തും മാറി മാറി കൂട്ടുനിന്നു. കമല ഇടയ്‌ക്ക്‌ പൊടിയരിക്കഞ്ഞിയുമായി കടന്നുവരും. കമല വരുമ്പോഴും പോകുമ്പോഴും ടൈപ്പ്‌ റൈറ്ററില്‍ വിരലോടുന്ന നേര്‍ത്ത ശബ്‌ദം കേള്‍ക്കുന്നതായി സൂപ്രണ്ടിനു തോന്നും. ഒരു മയക്കത്തിലേക്ക്‌ കണ്ണുകളടഞ്ഞു പോകുമ്പോഴാണ്‌ ചൂടുള്ള പൊടിയരിക്കഞ്ഞി കുടിക്കാന്‍ വിളിച്ചുണര്‍ത്തുന്നത്‌. ഇറിഗേഷന്‍ പ്രോജക്‌ട്‌ ഓഫീസുകളിലൊന്നിലെത്തിപ്പെടുകയെന്നത്‌ സൂപ്രണ്ടിന്റെയൊരു സ്വപ്‌നമായിരുന്നു. കല്ല്യാണം കഴിക്കാതെ വീടിനെക്കുറിച്ചോര്‍മ്മിക്കാതെ പെറ്റ തള്ളയുടേയും തന്തയുടേയും കൂടപ്പിറപ്പുകളുടേയും വിവരമന്വേഷിക്കാത്ത സൂപ്രണ്ടിനുള്ള ഏക മോഹം അതുമാത്രമായിരുന്നു. വകുപ്പു മാറിമാറി ഭരിക്കുന്ന ഈര്‍ക്കിലിപാര്‍ട്ടി നേതാക്കളുടെ കാലുതിരുമ്മിയിട്ടും ആരും കനിഞ്ഞില്ല. പ്രോജക്‌ട്‌ ഓഫീസുകളിലേ കൊയ്‌ത്തുള്ളൂ എന്നറിയാവുന്ന വമ്പന്‍ സ്രാവുകള്‍ സൂപ്രണ്ട്‌ ഇരിക്കാനാഗ്രഹിച്ച കസേര കൈക്കലാക്കി. തങ്ങള്‍ക്കു ബോധിച്ചവരെ ഓരോ സീറ്റിലും പ്രതിഷ്‌ഠിക്കാന്‍ പ്രോജക്‌ട്‌ കോണ്‍ട്രാക്‌ടര്‍ തന്നെ സര്‍ക്കിള്‍ ചീഫ്‌ എഞ്ചിനീയര്‍ ഓഫീസുകളില്‍ വേണ്ടതുപോലെ ഇടപെട്ട്‌ ഉത്തരവിറക്കി. മക്കളുടെ കല്ല്യാണ ദിരവസം ഉദ്യോഗസ്ഥന്റെ വീടു തേടിയെത്തുന്ന കോണ്‍ട്രാക്‌ടറുടെ വക കിട്ടുന്ന പണപ്പൊതിയോര്‍ത്ത്‌ റിട്ടയറാകുമ്പോള്‍ ഉപഹാരമായി തരുന്ന മാരുതി കാറോര്‍മ്മിച്ച്‌ സര്‍ക്കാര്‍ മേല്‍വിലാസത്തില്‍ പ്രോജക്‌ട്‌ കോണ്‍ട്രാക്‌ടറെ സേവിക്കാന്‍ ചിലരൊക്കെ മത്സരിച്ചു. അവരുടെ തലയില്‍ വരച്ചത്‌ എന്റെ ആസനത്തിലൊന്നുപോറാന്‍പോലും ദൈവം തമ്പുരാന്‍ കനിവ്‌ കാണിച്ചില്ലല്ലോ എന്നോര്‍ത്ത്‌ സൂപ്രണ്ട്‌ സങ്കടപ്പെടും.
ഇരുപത്തിനാലു കൊല്ലം മുന്‍പ്‌ ഏഴു കോടി രൂപയുടെ എസ്റ്റിമേറ്റില്‍ തുടങ്ങിയ കാരപ്പുഴ പദ്ധതിയിപ്പോള്‍ നൂറ്റി ഇരുപത്തി ഏഴു കോടി ചെലവഴിച്ചിട്ടും കമ്മീഷന്‍ ചെയ്‌തിട്ടില്ല. ഇങ്ങനെയൊരു പദ്ധതി വയനാട്ടില്‍ തുടങ്ങിയതെന്തിനാണ്‌? കൃഷിക്ക്‌ ജലസേചനത്തിനാണെന്നാണ്‌ പറയുന്നത്‌. വയനാട്ടിലിനിയും അഞ്ചാറു പദ്ധതികള്‍ കൂടി വരുന്നുണ്ട്‌. ചുണ്ടേലിപ്പുഴ, നൂല്‍പ്പുഴ, കല്ലംപതി, ചേകാടി, കടമാന്‍തോട്‌............അതില്‍ ഏതെങ്കിലുമൊരു ഓഫീസില്‍ കയറിപ്പറ്റണമെന്നും പ്രോജക്‌ട്‌ ഓഫീസിലെ കസേരയിലിരുന്ന്‌ റിട്ടയറാകണമെന്ന സ്വപ്‌നവുമായിട്ടാണ്‌ വിദ്യാധരന്‍ സൂപ്രണ്ട്‌ കഴിയുന്നത്‌. ഇനിയൊരു പദ്ധതി വയനാട്ടിലനുവദിക്കില്ലെന്നു പറഞ്ഞ്‌ കര്‍ഷകര്‍ സംഘടിച്ചു. ഇന്‍വെസ്റ്റിഗേഷനുവന്ന എഞ്ചിനിയറുടെ തലയടിച്ചുപൊട്ടിച്ചു. സൂപ്രണ്ടിന്‌ പിന്നെയും നിരാശയായി. റിട്ടയര്‍മെന്റിന്‌ കുറച്ചുകാലമല്ലേയുള്ളൂ. ജനകീയാസൂത്രണമെന്നും പറഞ്ഞ്‌ വര്‍ക്കുകളൊക്കെ പഞ്ചായത്തുകള്‍ക്കു കൈവിട്ടു നല്‍കിയതുകൊണ്ടാണ്‌ മൈനര്‍ ഇറിഗേഷന്‍ ഓഫീസുകള്‍ നായ കയറിയ അവസ്ഥയിലായത്‌. ഇടതന്മാര്‍ ഭജരണത്തില്‍ നിന്നിറങ്ങിയപ്പോള്‍ മാരണം തീര്‍ന്നെന്ന്‌ ആശ്വസിച്ചതായിരുന്നു. ഖജനാവു നിറയ്‌ക്കാന്‍ ഏ.ഡീ.ബീ. ന്നൊക്കെ വായ്‌പ വാങ്ങുന്ന യു.ഡി.എഫുകാര്‌ ഞങ്ങളുടെ നഷ്‌ടപ്രതാപം വീണ്ടെടുത്തു തരുമെന്നും മൈനര്‍ ഇറിഗേഷന്‍ സൈറ്റുകള്‍ പറുദീസയായി മാറുമെന്നും ആശിച്ചു പോയതു വെറുതെയായി. ഞങ്ങളെ ഓരോരുത്തരെ പഞ്ചായത്തിലേക്ക്‌ തട്ടാനായി ഉത്തരവായിരിക്കുന്നു. പുനര്‍ വിന്യാസമെന്ന ഓമനപ്പേര്‌ ഞങ്ങള്‍ക്ക്‌ വെള്ളിടിയാണ്‌. എഞ്ചിനിയര്‍മാരും ഓവര്‍സിയര്‍മാരും ക്ലാര്‍ക്കുമാരും ഓരോരുത്തരായി പടിയിറങ്ങി തുടങ്ങി. പൊട്ടിക്കരച്ചിലും തേങ്ങലും. എല്ലാവരുടേയും ഹൃദയമുലഞ്ഞിരുന്നു. ധനജന്‌ ഒരു സങ്കടവുമുണ്ടായിരുന്നില്ല. ഉത്തരവ്‌ കൈപ്പറ്റാനും അവന്‍ കൂട്ടാക്കിയില്ല. ടെലിവിഷന്‍ ചാനലുകളുടെ ലോകത്ത്‌ സീരിയലുകളുമായി വര്‍ണകൂട്ടിലവന്‍ രമിച്ചു നടക്കുകയാണ്‌. അവസാനം ഓഫീസില്‍ ഞാനും കമലയും സൂപ്രണ്ടും മാത്രമായി. തങ്ങളുടെ നിയോഗം ഏതു ഗ്രാമപഞ്ചായത്തിലാണെന്നറിയിച്ചുകൊണ്ടുള്ള ഉത്തരവും കാത്തിരിക്കുകയാണ്‌.
പതിവില്ലാതെ വീട്ടിലേക്കെന്നും പറഞ്ഞ്‌ വെറും കയ്യോടെ പുറപ്പെട്ടിറങ്ങിയ സൂപ്രണ്ട്‌ ഇതുവരെ തിരികെ വന്നിട്ടില്ല. മാസം മൂന്നു കഴിഞ്ഞു. ഒന്നാം തിയ്യതി ശമ്പളമെഴുതണമെങ്കില്‍ സൂപ്രണ്ട്‌ വന്നിട്ടു വേണം. മൂകമായ ഓഫീസിനുള്ളില്‍ ഞാനും കമലയും മാത്രം. ടൈപ്പ്‌ റൈറ്ററില്‍ ശബ്‌ദം കേള്‍ക്കുന്നില്ല. കമലയുടെ കൈവിരലുകള്‍ മരവിച്ചു പോയിരിക്കുന്നു. കണ്ണുനീര്‍ ടൈപ്പ്‌ റൈറ്ററിനു പുറത്തുറ്റി വീണു.
പുനര്‍വ്യന്യസിക്കാന്‍ കഴിയാതെ അധികം വന്ന ജീവനക്കാരെ രണ്ട്‌ കൊല്ലം പകുതി ശമ്പളം കൊടുത്ത്‌ വീട്ടില്‍ നിര്‍ത്തുമെന്നും തുടര്‍ നടപടി പിന്നീട്‌ തീരുമാനിക്കുമെന്നുമുള്ള മന്ത്രി സഭാ തീരുമാനം പത്രത്തില്‍ വായിച്ചതുമുതല്‍ ശരീരമാകെ മരവിപ്പാണ്‌. അന്ന്‌ പന്ത്രണ്ട്‌ മണിയോടെയാണ്‌ ഓഫീസിലെത്തിയത്‌. എന്നെ കണ്ടതേ വിറയലോടെ കമല പറഞ്ഞു.
"കുട്ടന്‍പിള്ള തിരക്കി വന്നിരുന്നു. "
" ഏതു കുട്ടന്‍പിള്ള? "
" നാട്ടുകാരനാണെന്നാണ്‌ പറഞ്ഞത്‌ "
" അയാളിവിടേം കയറി വന്നോ ? "
" മൂന്ന്‌ ദിവസമായിട്ട്‌ കൃത്യം പത്ത്‌ മണിയാകുമ്പോള്‍ അയാളിവിടെ കയറി വരാറുണ്ട്‌. നിങ്ങളെത്തിയില്ലെന്നു പറയുമ്പോള്‍ വാച്ചിലേക്കൊരു നോട്ടാണ്‌. എന്നിട്ട്‌ ലീവാണോന്നൊരു ചോദ്യമാണ്‌. ലീവല്ല, വരുമെന്നു പറയുമ്പോള്‍ പിന്നേം വാച്ചിലേക്കു നോക്കും"
കമല പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞ രണ്ടു ചെറിയ ബാറ്ററികള്‍ നീട്ടിയിട്ടു പറഞ്ഞു.
" ഇതയാള്‌ തന്നേല്‍പിച്ചതാണ്‌. ഇത്‌ ക്ലോക്കില്‍ മാറ്റിയാടാന്‍ പറഞ്ഞിട്ടാണ്‌ അയാള്‍ പടിയിറങ്ങിയത്‌ "
ചുമരിലേക്കു നോക്കി. ഇതിങ്ങനെ ചത്തു കിടക്കുന്നത്‌ ആരും ശ്രദ്ധിച്ചില്ലല്ലോ എന്ന്‌ അപ്പോഴാണോര്‍ത്തത്‌. ചുമരിലെ ആണിയില്‍ തൂക്കിനിര്‍ത്‌തിയ പൊടിപിടിച്ച ക്ലോക്കെടുത്തപ്പോള്‍ കൂടുകൂട്ടിയ പാറ്റകളും കൂറയും ഒരു പറ്റമുണ്ടായിരുന്നു. പൊട്ടിയൊലിച്ചു കിടക്കുന്ന പഴയ സെല്ലെടുത്തു കളഞ്ഞു. തുടച്ചു വൃത്തിയാക്കി പുതിയ ബാറ്ററിയിട്ടു. സൂചികള്‍ ശരിയാക്കി. ടിക്‌ ടിക്‌ ശബ്‌ദം കാതോര്‍ത്തു. കമലയും അരികെ വന്നു നില്‍പുണ്ട്‌. അനങ്ങുന്നില്ല.ചെവിയോടു ചേര്‍ത്തു പിടിച്ചു. ഇല്ല യന്ത്രമനങ്ങുന്നില്ല. ഇതാകെ തകരാറിലായിരിക്കുകയാണ്‌.

4 comments:

Anonymous said...

സര്‍ക്കാര്‍ ഓഫീസ് - പ്രത്യുല്പാദന പരമല്ലാത്ത വൈറ്റ് കോളര്‍ മൂഷിക സാമ്രാജ്യം ..........

ജോഷി.കെ.സി. (ജുഗുനു) said...

ഓ ഓര്‍മ്മകള്‍ അയവിറക്കാന്‍ തുടങ്ങി അല്ലെ നല്ലതു തന്നെ.........

ആശംസകള്‍

തോന്ന്യാസി said...

കലക്കി മാഷേ.......പതിവുപോലെ.......

“ഒരു പണിയുമെടുക്കാതെ മാസ ശമ്പളവും വാങ്ങി ഞങ്ങള്‍ തിന്നു കുടിച്ചു കഴിയുകയാണ്‌. ഞങ്ങളെക്കൊണ്ട്‌ നാടിനോ നാട്ടുകാര്‍ക്കോ ഒരുപകാരവുമില്ല എന്നത്‌ പുറത്ത്‌ പറയാന്‍ പാടില്ലാത്ത ഒരു യാഥാര്‍ത്ഥ്യമാണ്‌. ശമ്പള ബില്ലെഴുതുക, പി.എഫ്‌. ഇന്‍ഷൂറന്‍സ്‌ റിക്കവറികള്‍ രേഖപ്പെടുത്തുക, സര്‍വ്വീസ്‌ ബുക്കിലെ കുറിപ്പുകള്‍ കൃത്യമായി രേഖപ്പെടുത്തുക, മാസകണക്ക്‌ ശരിയാക്കി അക്കൗണ്ടന്റ്‌ ജനറലിനയക്കുക ഇതിലപ്പുറം ഒരു പണിയുമില്ല”

ഭയങ്കരം, പി.എസ്.സി.പരീക്ഷകള്‍ മുടങ്ങാതെ എഴുതാന്‍ ഈ വാക്കുകള്‍ ഊര്‍ജ്ജം പകരുന്നു

അജയ്‌ ശ്രീശാന്ത്‌.. said...

"അനങ്ങുന്നില്ല.ചെവിയോടു
ചേര്‍ത്തു പിടിച്ചു. ഇല്ല യന്ത്രമനങ്ങുന്നില്ല.
ഇതാകെ തകരാറിലായിരിക്കുകയാണ്‌"

സര്‍ക്കാര്‍ ഓഫീസുകള്‍ക്കിട്ട്‌ നല്ലൊരു കൊട്ടുതന്നെകൊടുക്കുന്നുണ്ടല്ലോ...... അപ്രിയസത്യങ്ങള്‍ തുറന്ന്‌ പറയുന്നത്‌....
നല്ല കാര്യം തന്നെ...അല്ലേ.. ?????
തോന്ന്യാസി പറഞ്ഞതുപോലെ....
ഏവര്‍ക്കും സ്വാഗതം...
പി എസ്‌ സി പരീക്ഷയ്ക്കായി...
ജോലി നേടിക്കഴിഞ്ഞാല്‍
പിന്നെ നിങ്ങള്‍ക്ക്‌ ജീവിതകാലംമുഴുവന്‍ വിശ്രമിക്കാം...........ല്ലേ..??
"ആരവമൊടുങ്ങുന്നു"
വളരെ നന്നായി ട്ടോ...