Thursday, March 12, 2015

ഒരു താടി പുരാണം ..

                                           താടി കൊണ്ടുള്ള പരീക്ഷണങ്ങൾ ..എനിക്ക് "പ്രാന്താ"ണെന്നു ചോദിച്ച തങ്കു (മകൾ) തന്നെയാണ് ഈ ഫോട്ടോയെല്ലാം എടുത്തത് .വീട്ടിൽ മൂന്ന് ആഴ്ച ചെറിയൊരു വിശ്രമമായി ഇരിക്കേണ്ടി വന്നു. പുസ്തകങ്ങൾ വായിച്ചു. ചില കുറിപ്പുകൾ എഴുതി വെച്ചു. പഴയ നല്ല കാലത്ത് മൈനയും മറ്റു കൂട്ടുകാരികളും എനിക്ക് എഴുതിയ വീട് നൂറു മാറിയാലും ഇപ്പോഴും സൂക്ഷിക്കുന്ന കത്തുകൾ വെറുതെ മറിച്ചു നോക്കി.
  പഴയ നമ്പരുകൾ തപ്പി പിടിച്ച് ചിലരെ വിളിച്ചു. ഇൻലന്റിലും കാർഡിലുമായി ഒന്ന് രണ്ടു കത്തുകൾ എഴുതി പോസ്റ്റ്‌ ചെയ്തു. അതിനിടയിൽ താടി വളർന്നു . അരുമയായ താടിയെ വടിച്ചു കളയാൻ തോന്നിയില്ല. അവധി കഴിഞ്ഞു. വൃത്തിയായി പോകേണ്ട ബാങ്കിൽ കോലം കെട്ട് ഒരു മാസം പോയി. "നീ എന്താ ഇങ്ങനെ പ്രാന്തനായി വരുന്നത് " എന്നും "നിനക്കെന്താ ഇത്ര മാത്രം നിരാശ ...?നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ... ?എന്താ ഇത്ര വിഷാദം...? നീയും മൈനയും തമ്മിൽ എന്തെങ്കിലും വഴക്കുണ്ടോ ? " എന്ന ഒരുപാട് ചോദ്യങ്ങളും അന്വേഷണങ്ങളും പല വഴിക്ക് കേട്ടു . "ലീവു കഴിഞ്ഞു വന്നത് പുതിയ രൂപത്തിലും ഭാവത്തിലുമാണെ"ന്നാണ് ജെറി റസീനയോടു പറഞ്ഞത് .

                                        മൈന താടി കത്തിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി. ഉമ്മ വെക്കാൻ നേരം വൈക്കോൽ തുറുവിൽ പോയി ചാരിക്കോളാം എന്നു പറഞ്ഞവൾ തിരിഞ്ഞു കിടക്കും. അവളുടെ വയറ്റിൽ നിന്റെ രോമമെത്തുമെന്ന്‌ ബാബുരാജ് പറഞ്ഞത് അതുകൊണ്ട് നടന്നില്ല. സുനിൽ എന്താണ് താടി വളർത്തി നടക്കുന്നത് എന്നത് അന്വേഷിക്കാൻ അവൻ ആശയെയും ചുമതലപ്പെടുത്തിയിരുന്നു. ബാങ്കിലെ സൂചനാ പണി മുടക്കു ദിവസം കണ്ടപ്പോൾ താടി വടിച്ചൂടെ എന്നവൾ ചോദിച്ചു .
കെ.ടി.അനിലും ബാബുവും പറഞ്ഞത് വാപ്പയുടെ തനി പകർപ്പായെന്നാണ് . "നിന്റെ അപ്പൻ തന്നെടാ " എന്ന് ഇസ്രായേലിൽ ചേക്കേറിയ ലോനപ്പൻ റജി കമന്റിട്ടു. മത്തൻ കുത്തിയാൽ പിന്നെ കുമ്പളം മുളക്കുമോ?
തങ്കു മോൾ കാച്ചിയതാണ് രസകരമായത് . കഴിഞ്ഞ ആഴ്ച വയനാട്ടിൽ ചീരാലിൽ കോടതി വീട്ടിൽ ചെന്നപ്പോൾ മോൾ വാപ്പയോട് പറയുകയാണ്‌ "ഡാഡിയെ കണ്ടാൽ ഇപ്പോൾ ഉപ്പച്ചീടെ ഏട്ടനാണെന്നു തോന്നും " എന്ന് . 
"ഡാഡിയുടെ മുഖത്തു നോക്കുമ്പോൾ പേടി തോന്നുന്നു" തങ്കു മോൾ ഈ വാക്ക് പറഞ്ഞപ്പോഴാണ് താടി വടിക്കുവാൻ ബ്ലേഡ് വാങ്ങിയത്. ഒരു ദിവസം രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റാണ് ഈ പരീക്ഷണങ്ങൾ എല്ലാം നടത്തിയത്. അമ്പട്ടന് കൊടുക്കേണ്ട ചില്ലറ ലാഭമായി. ബാർബറെ കണ്ടാൽ ചുരുങ്ങിയത് ഇരുന്നൂറുപ്പിക എങ്കിലും ചിലവാകുമായിരുന്നു. ഇടക്കൊരു ദിവസം താടി ക്രോപ്പ് ചെയ്ത് ഡൈ ചെയ്തതിന് ബംഗ്ലാദേശിൽ നിന്നെത്തിയ പയ്യൻ ബാർബർ വാങ്ങിയത് രൂപ മുന്നൂറാണ് .
താടി വടിച്ച് ബാങ്കിൽ എത്തിയ ദിവസം ചോല ഇറക്കിയോ എന്ന് ലവ് ലി ചോദിച്ചു. താടി വളർത്തി കള്ള സ്വാമിയായി നടന്ന കാലത്ത് മുഖത്തു നോക്കാറില്ലാതിരുന്ന വിനോദ് അരികത്തു വന്നു ഇതാണ് നല്ലതെന്നു പറഞ്ഞു . ജൂന ആദ്യമായി "ഗുഡ് മോർണിംഗ് " പറഞ്ഞു. അവൾ വളച്ചെടുത്ത പ്രമോദ് ഇന്ന് വൈകീട്ട് കണ്ടപ്പോൾ താടി ഇല്ലാത്തതാണ് നല്ലതെന്ന് പറഞ്ഞു .ഇരുണ്ട കാർമേഘം മാറി നിലാവുദിച്ചത് കണ്ടതു കൊണ്ടാവണം സുൽത്താൻബിയും ഗീതാ മാരാരും പ്രത്യേകം കുശലാന്വേഷണം നടത്തി. 
താടിയുള്ളകാലത്ത് മൗനം പാലിച്ച അഷറഫ് ഇന്നലെ "ഒരു മുഴു കയ്യൻ ജുബ്ബ കൂടി ഇട്ടോണ്ട് വരാൻ പറയാനിരിക്കായിരുന്നു." എന്നു പറഞ്ഞു നയം വ്യക്തമാക്കി. "വേഷം അഴിച്ച് എക്സിക്യൂട്ടീവ് ആകാൻ തീരുമാനിച്ചു എന്നു കേട്ടല്ലോ" എന്നാണ് സോണിയാജി ഫോണിലൂടെ കളിയാക്കിയത് . ദില്ലീന്ന് സോണിയാ മദാമയല്ല . റിക്കവറിയിലെ സെല്ലിലെ നമ്മുടെ സോണിയാജിയെയാണ് ഉദ്ദേശിച്ചത് .
വൈകീട്ട് വീട്ടിലെത്തിയപ്പോൾ മൈനയുടെ ചോദ്യം "താടിയില്ലാ അപ്പനെ കണ്ട് ലവ് ലിയും സോണിയയുമൊക്കെ എന്തു പറഞ്ഞു ?"
"നിന്റെ സുഹൃത്തുക്കളല്ലേ അവരൊക്കെ... വിളിച്ച് ചോദിക്ക് " രണ്ടു മാസം അരുമയായി കൊണ്ട് നടന്ന താടി വടിച്ചു കളഞ്ഞ സങ്കടത്തിലും ദേഷ്യത്തിലുമായിരുന്നു ഞാൻ...

1 comment:

sunilfaizal@gmail.com said...

ഒരു താടി പുരാണം ..